Thursday, March 6, 2008

അവള്‍...








അവള്‍...
''ഒരുപാട്‌ കാഴ്ചകള്‍ക്കിടയില്‍...
കണ്ടിട്ടും,ഞാന്‍ കാണാതെ പോയ

ചില കാഴ്ചകള്‍ക്കൊപ്പം..
നീയും...
പിന്നെ നമ്മുടെ രണ്ടു കണ്ണുകളും. ''





അന്ന്‌..
വയറുനിറഞ്ഞിട്ടും എണ്റ്റെ നേര്‍ക്കു നീട്ടിയ
ചോറുരുളയില്‍ നിന്നും രക്ഷപ്പെടാന്‍..
മുറ്റത്തേക്കു ഓടിയ ഓട്ടത്തില്‍..
"വിശക്കുന്നു അമ്മേ"എന്നു വിളിച്ചു
നീ നീട്ടിയ പിച്ചളപാത്രത്തിനോടൊപ്പം..
ആദ്യമായി......കണ്ടു ഞാന്‍....
നിണ്റ്റെ രണ്ടു കണ്ണുകള്‍...
എനിക്ക്‌ നിണ്റ്റെ പ്രായമേ ഉണ്ടായിരുന്നുള്ളൂ...
എന്നിട്ടും നീ എന്തിനാണെന്നെ-

"അമ്മേ" എന്നു വിളിച്ച്‌ യാചിച്ചത്‌..

വീണ്ടും... കണ്ടു ഞാന്‍ നിന്നെ...
കൂട്ടുകാരോടൊപ്പം... കണക്കുസാറില്‍ നിന്നും
രക്ഷപ്പെടാനുള്ള സൂത്രങ്ങള്‍ ആലോചിച്ച്‌
യൂണിഫോമിട്ട്‌ സ്കൂളിണ്റ്റെ പടികള്‍ കടന്നപ്പോള്‍...
നീ അവിടെ... അപ്പോള്‍... ആ സ്കൂളിണ്റ്റെ പടിക്കല്‍...
നിണ്റ്റെ പാത്രത്തില്‍ വീണ നാണയങ്ങള്‍ കൊണ്ട്‌
കണക്കു കൂട്ടുകയായിരുന്നു...
അന്നും നീയെന്നെ പാളിനോക്കിയിരുന്നു...
ഞാന്‍ നിന്നെയും. ...

പിന്നീട്‌... ഞാന്‍ ആദ്യം കോളേജില്‍ പോകുമ്പോള്‍
പോകുമ്പോള്‍ ഇടാനുള്ള ലേറ്റസ്റ്റ്‌ മോഡല്‍ ഡ്രസ്സ്‌ നോക്കി
അലഞ്ഞു മടുത്തഒരു വൈകുന്നേരം...
നഗരത്തിലെ തിരക്കിനിടയില്‍...
നിന്നെ ഞാന്‍ വീണ്ടും കണ്ടു.

വിലകുറഞ്ഞതെങ്കിലും, തിളങ്ങുന്ന വസ്ത്രങ്ങള്‍
അണിഞ്ഞുനിന്ന നിണ്റ്റെ കണ്ണൂകളില്‍ അന്നു ഞാന്‍
ആകാശത്തിലെ മനോഹരമായ നക്ഷത്രങ്ങളുടെ തിളക്കം കണ്ടിരുന്നു...
നീ എന്നെക്കാള്‍ എത്രയോ സുന്ദരിയാണെന്ന്‌
ഞാന്‍ അസൂയയോടെ അപ്പോള്‍ ഓര്‍ത്തു.....

നീയാരേയോ കാത്തുനില്‍ക്കുകയായിരുന്നു...
എന്നിട്ടും...
എണ്റ്റെയും നിണ്റ്റെയും തിരക്കിനിടയിലും...
നമ്മുടെ കണ്ണുകള്‍ അന്നും കൂട്ടിമുട്ടിയിരുന്നു...

പ്രണയത്തെക്കുറിച്ചുള്ള സ്വപ്നങ്ങളെപ്പറ്റി
കൂട്ടുകാരോടു പറഞ്ഞു പൊട്ടിച്ചിരിച്ചുവന്ന
ഒരിടവഴിയില്‍,
വീണ്ടും നീ...

അന്നു നിണ്റ്റെ കൈയ്യിലിരുന്ന കരയുന്ന കുഞ്ഞിനെ,
നീ ആകാശത്തില്‍കൂടി പറക്കുന്ന
പക്ഷികളെകാണിച്ചുകൊടുക്കുകയായിരുന്നു....

അന്നും.... നമ്മള്‍ കണ്ടു.....
നമ്മുടെ കണ്ണുകള്‍ നമ്മളെ തിരിച്ചറിഞ്ഞു
എന്നിട്ടും ഞാന്‍ നിന്നോടോ,നീ എന്നോടോ
എന്തേ ഒന്നും ചോദിച്ചില്ല... ?

ഒന്നും ചോദിച്ചില്ലെങ്കില്‍പോലും
ഞാന്‍ നിന്നെയോ, നീയെന്നേയോ നോക്കി
ഒന്നു ചിരിക്കുകയെങ്കിലും ചെയ്യാഞ്ഞതെന്തേ... ?

വീണ്ടും...
അവസാനത്തെ കാഴ്ച്ച...
ആള്‍ക്കൂട്ടത്തിനു നടുവില്‍,
ഒരു പഴംതുണിയില്‍ പൊതിഞ്ഞ്‌ നീ കിടന്നപ്പോള്‍...
അന്നു പക്ഷേ നീയെന്നെ കണ്ടില്ല. എന്നിട്ടും...
എണ്റ്റെ രണ്ടു കണ്ണുകള്‍ അപ്പോഴും നിന്നെ കണ്ടു.

നീയെന്നെ കാണുന്നില്ലല്ലോ എന്നാശ്വസിച്ച്‌.....
അന്നു ഞാന്‍ തിരിഞ്ഞു നടക്കുമ്പോള്‍...
വീണ്ടും... കണ്ടു ഞാന്‍,

നിണ്റ്റെ തണുത്ത ശരീരത്തോടു ചേര്‍ന്നിരുന്ന്‌
നിസ്സംഗമായി എന്നെ നോക്കുന്ന
രണ്ടു കൊച്ചുകണ്ണുകള്‍...
നിണ്റ്റെ മകള്‍. ...

വീണ്ടും പുതിയ കഥ...
പുതിയ രണ്ടു നിസ്സംഗമായ കണ്ണുകളുടെ നോട്ടം...
ആ കണ്ണുകളെയും കണ്ടില്ലെന്നു നടിച്ചു,

ആള്‍ക്കൂട്ടത്തിനിടയിലൂടെ,
മുന്നോട്ട്‌ ഇനിയും....
എണ്റ്റെ തിടുക്കത്തിലുള്ള യാത്രകള്‍...

ഞാന്‍ മാത്രമല്ല,
എന്നെപ്പോലെ ഒരുപാടുപേരെന്ന്‌ മനസ്സ്‌ തിരുത്തി തരുന്നു.

എങ്കിലും...
കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍...
വിളിച്ചുപറയാന്‍ തോന്നി....

ഇവര്‍ക്കു വേണ്ടി...
അനാഥമായിപോകുന്ന ഈ ബാല്യങ്ങള്‍ക്കു വേണ്ടി...
ഈ കുഞ്ഞുങ്ങള്‍ക്കു വേണ്ടി...
"നമുക്ക്‌ എന്തെങ്കിലും ചെയ്യണം" എന്ന്‌...

എന്തിനു ഞാനീ കുറ്റബോധം ചുമക്കണം.. ?
എല്ലാവരുംകൂടി ചുമക്കട്ടെ..
എങ്കിലും...എണ്റ്റെ കൈ നീട്ടില്ല....
എനിക്ക്‌ തിരക്കാണ്‌...
തിടുക്കമാണ്‌...

നിങ്ങള്‍ ചെയ്യൂ...
അല്ല്ളെങ്കില്‍,സമയം കിട്ടുമ്പോള്‍... നമുക്കു ചെയ്യാം.

വേണമെങ്കില്‍....ഇപ്പോള്‍...
പേഴ്സില്‍ തിടുക്കത്തില്‍ ഞാന്‍ ഒന്നു പരതാം...
കൈയ്യില്‍ കിട്ടിയ ഏറ്റവും ചെറിയ ചില്ലറ...
അല്ലെങ്കില്‍... ഏറ്റവും ചെറിയ കടലാസുകഷ്ണം...
എടുത്തുകൊടുക്കാം. ...

എന്നിട്ട്‌...
അഭിമാനത്തോടെ എല്ലാവരേയും നോക്കാം...
ഭാനം കൊടുത്തവണ്റ്റെ അഭിമാനം നിറഞ്ഞ
അവകാശത്തോടെയുള്ള നോട്ടം.

അല്ലെങ്കില്‍...
ഇതൊക്കെ അവരുടെ വിധി എന്നു പറഞ്ഞ്‌...
അങ്ങനെ അവരെത്തന്നെ പഴിക്കാം.....

എന്നവസാനിക്കും എണ്റ്റെയീ പൊറുപൊറുക്കല്‍... ?
എന്തുകൊണ്ട്‌ എനിക്കാ കുഞ്ഞിനെ ഒന്നു വാരിയെടുക്കാന്‍ തോന്നിയില്ല.. ?

ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍...
സ്വയം ചോദിച്ച്‌ ചോദിച്ച്‌...
വെറുതെ... അകലേക്കു മിഴികള്‍ പായിച്ച്‌ .....
ഞാനും........

വാച്ചില്‍ നോക്കി...
സമയം പോയി എന്നു പഴിച്ചു....
പോകട്ടെ ഞാന്‍ തിടുക്കത്തില്‍...
ഈ ലോകം ......
എണ്റ്റെ തലയിലൂടെ കറങ്ങുന്നുഎന്ന ഭാവത്തോടെ......